തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് നൽകുന്ന പരിശോധനാ റിപ്പോർട്ടുകളിൽ അതീവ ഗുരുതരമായ വീഴ്ച. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24 വയസ്സുകാരന്റെ സ്കാനിംഗ് റിപ്പോർട്ടിലാണ് ഗർഭപാത്രവും അണ്ഡാശയവും സാധാരണ നിലയിലാണെന്ന വിവരങ്ങൾ രേഖപ്പെടുത്തി നൽകിയത്. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശിയായ ഷിഹാസിനാണ് ഈ ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് കഠിനമായ വയറുവേദനയെത്തുടർന്ന് ഷിഹാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യതയുണ്ടെന്ന സംശയത്തെത്തുടർന്ന് ഡോക്ടർമാർ അൾട്രാ സൗണ്ട് സ്കാനിംഗിന് നിർദേശിച്ചു.
ഫെബ്രുവരി 16ന് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ സ്കാനിംഗ് നടത്തി. എന്നാൽ അന്ന് ലഭിച്ച റിപ്പോർട്ടിൽ ഒരു പുരുഷന്റെ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഗർഭപാത്രം, അണ്ഡാശയം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെട്ടു.
വേദന കുറഞ്ഞതിനെത്തുടർന്ന് അന്ന് ഷിഹാസ് റിപ്പോർട്ട് വിശദമായി പരിശോധിച്ചിരുന്നില്ല. ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ മറ്റൊരു ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് സ്കാനിംഗ് റിപ്പോർട്ടിലെ ഈ അബദ്ധം ശ്രദ്ധയിൽപ്പെടുന്നത്. റിപ്പോർട്ട് കണ്ട ഡോക്ടർ അത്ഭുതപ്പെടുകയും ഷിഹാസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പരാതിയുമായി മെഡിക്കൽ കോളേജിലെത്തിയ ഷിഹാസിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. തെറ്റായ റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അധികൃതർ അത് വാങ്ങി ചുരുട്ടിക്കൂട്ടിയതായും പിന്നീട് പ്രതിഷേധിച്ചപ്പോഴാണ് തെറ്റ് തിരുത്തി പുതിയ പ്രിന്റ് നൽകിയതെന്നും ഷിഹാസ് പറഞ്ഞു.
മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്ക്കെതിരെ ഷിഹാസ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായ ഇത്തരം പിഴവുകൾ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ സാധ്യതയുള്ളതിനാൽ സംഭവത്തിൽ കർശന അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.